നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെയും, പിടിച്ചുപറി കേസുകളിലെ പ്രതിയും, പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ പെരുമണ്ണ കമ്മനമീത്തൽ സ്വദേശി പാലക്കൽ വീട്ടിൽ പ്രശാന്ത് (42)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി ജനങ്ങളുടെ വിലകൂടിയ മുതലുകളും, വാഹനങ്ങളും, പണവും മറ്റ് വസ്തുക്കളും കളവ് നടത്തിയും, പിടിച്ചുപറി നടത്തിയും, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊതു സമൂഹത്തിന് ഭീഷണിയായി നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു പ്രതി.

കഴിഞ്ഞ വർഷം കാപ്പ നിയമപ്രകാരം കോഴിക്കോട് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. എന്നാൽ പ്രതി ഈ നിയമം ലംഘിച്ച് ഈ വർഷം കോഴിക്കോട് ജില്ലയിൽ വരികയും മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ മുണ്ടിക്കൽ താഴത്ത് വെച്ച് അക്ഷയ സെൻ്ററിൽ പോയിവരികയായിരുന്ന വയോധികനെ മോട്ടോർ സൈക്കിളിൽ കയറ്റികൊണ്ടുപോയി ആളില്ലാത്ത സ്ഥലത്തെത്തിയപ്പോൾ ഇയാളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്തതിനും, കോഴിക്കോട് പാരഗൺ ഹോട്ടലിന് സമീപത്ത് വെച്ച് ബുള്ളറ്റ് മോഷണം നടത്തിയതിനും പോലീസിൻ്റെ പിടിയിലാകുകയും തുടർന്ന് റിമാന്റെിലാകുകയുമായിരുന്നു.

തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടു വരുന്നതിനെ തുടർന്നാണ് പ്രതിക്കെതിരെ പന്തീരാങ്കാവ് പോലീസ് KAAPA 3 നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ, കെ. പവിത്രൻ, ഐ.പി.എസ് സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാകളക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ KAAPA 3 ഓർഡർ പ്രകാരം കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
