ദില്ലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; രണ്ട് പേർ മരിച്ചു
ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം. പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. രാവിലെ 7.05ഓടെയാണ് അപകടം നടന്നത്. വടക്ക് കിഴക്കന്‍ ദില്ലിയിലെ സീലംപുരില്‍ ജന്ത മസ്ദൂര്‍ കോളനിയിലാണ് നാല് നില കെട്ടിടം ഇടിഞ്ഞുവീണത്.

14 മാസം പ്രായമുളള ഒരു കുട്ടി ഉള്‍പ്പെടെ പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര് ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. അപകട സമയത്ത് രണ്ട് കുടുംബങ്ങളിലായി 12 പേര് ഉണ്ടായിരുന്നുവെന്നാണ് സൂചന. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുങ്ങിയ കോളനിയിലാണ് അപകടമുണ്ടായത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനുളള സംവിധാനങ്ങള്‍ അപകട സ്ഥലത്തെത്തിക്കുന്നത് ദുഷ്ക്കരമായി.

ഉന്തുവണ്ടി ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ മണ്ണുകള്‍ നീക്കം ചെയ്യുന്നത്. നാട്ടുകാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും എത്തി മറ്റുളളവരെ രക്ഷിച്ചു. എന്‍ഡിആര്‍എഫും ഏഴ് ഫയര്‍ ടെന്‍ഡറുകളും ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം. സമീപത്തുളള കെട്ടിടങ്ങളെല്ലാം പഴക്കം ചെന്നവയായതിനാല്‍ ആളുകളെ ഒഴിപ്പിക്കാനുളള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ രോഷാകുലരാണ്.




