KOYILANDY DIARY.COM

The Perfect News Portal

‘കോടികളുടെ കടം, മകൾക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ല’; യുപിയിൽ ഫേസ്‌ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച വ്യവസായി ജീവനൊടുക്കി

മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി. യുപിയിലെ ലഖ്‌നൗവിൽ നിന്നുള്ള ഷഹബാസ് ഷക്കീൽ എന്ന യുവ വ്യവസായിയാണ് ലൈവ് സ്ട്രീം ചെയ്തതിന് പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് ഇദ്ദേഹം കരഞ്ഞു കൊണ്ട് ഫേസ്‌ബുക്കിലൂടെ സഹായം ആവശ്യപ്പെട്ടിരുന്നു.

കോടികളുടെ കടമുണ്ടെന്നും ഡയബെറ്റിക്സ് ഉള്ള മകൾക്ക് ഇൻസുലിൻ വാങ്ങാനുള്ള പണം പോലും തന്റെ കയ്യിൽ ഇല്ലെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മറ്റ് വ്യവസായികളോടും സെലിബ്രിറ്റികളോടും തന്നെ സഹായിക്കണമെന്നാണ് ലൈവിലൂടെ ഇദ്ദേഹം അഭ്യർത്ഥിച്ചത്. കടബാധ്യതയുടെ സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

 

റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഷഹബാസ് ബിസിനസ് ചെയ്തിരുന്നത്. ഏകദേശം 15 കോടിയുടെ കടമാണ് ഇദ്ദേഹത്തിന് ഉള്ളതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. സെക്യൂരിറ്റി ഗാർഡിനെ വെള്ളമെടുക്കാൻ പറഞ്ഞുവിട്ട ശേഷം, അയാളുടെ തോക്ക് ഉപയോഗിച്ചാണ് ഷഹബാസ് സ്വയം വെടിയുതിർത്തത്. ലൈവ് കണ്ട കുടുംബാംഗങ്ങൾ ഉടൻ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഷഹബാസ് മരിച്ചിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുമാണ് ഉള്ളത്.

Advertisements
Share news