KOYILANDY DIARY.COM

The Perfect News Portal

ആക്സിയം – 4 ദൗത്യം: ശുഭാംശു ശുക്ലയടക്കമുള്ളവരുടെ മടക്കയാത്ര ജൂലൈ 14 ന് ആരംഭിക്കുമെന്ന് നാസ

ആക്സിയം – 4 ദൗത്യത്തിന്‍റെ ഭാഗമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ സന്ദർശിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളുടെയും മടക്കയാത്ര ജൂലൈ 14 ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു. 14 ദിവസത്തെ ദൗത്യത്തിനാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐ‌എസ്‌എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനും, 1984 ൽ ബഹിരാകാശത്തേക്ക് പോയ വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനുമാണ് അദ്ദേഹം.

“ആക്സിയം -4 ന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ സ്റ്റേഷൻ പ്രോഗ്രാമുമായി പ്രവർത്തിക്കുന്നുണ്ട്. ദൗത്യം ശ്രദ്ധാപൂർവ്വം അൺഡോക്ക് ചെയ്യലാണ് അടുത്ത ഘട്ടം, നിലവിൽ അൺഡോക്ക് ചെയ്യാനുള്ള ലക്ഷ്യം ജൂലൈ 14 ആണ്” – എന്നാണ് നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

ശുഭാംശു ശുക്ല ഇന്ത്യയ്ക്ക് മാത്രമായി ഐഎസ്എസിൽ ഏഴ് പരീക്ഷണങ്ങളാണ് നടത്തിയതെന്നാണ് വിവരം. ആക്സിയം 4 അല്ലെങ്കിൽ മിഷൻ ‘ആകാശ് ഗംഗ’, മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള ആദ്യത്തെ ഉറച്ച ചുവടുവെപ്പായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത പരീക്ഷണങ്ങൾ ഐഎസ്എസിൽ വെച്ച് പരീക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശുഭാംശു ശുക്ല പറഞ്ഞിരുന്നു.

Advertisements

 

ദൗത്യം പൂർത്തിയാക്കി മകൻ മടങ്ങിയെത്താൻ പോകുന്നതിൽ അഭിമാനമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ വാക്കുകൾ. യുഎസിലെ കാലിഫോർണിയക്ക് അടുത്തായി, പസഫിക് സമുദ്രത്തിലാകും ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന പേടകം തിരികെ ലാൻഡ് ചെയ്യുക.

Share news