കോതമംഗലം IHDP കോളനിയിൽ വെള്ളക്കെട്ട് ഓഴിവാക്കാൻ അടിയന്തര നടപടി വേണം

കൊയിലാണ്ടി നഗരസഭയിലെ കോതമംഗലം IHDP കോളനിയിലെ വെള്ളക്കെട്ട് ഓഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് 32-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോളനിയിൽ ഒരു ചെറിയ മഴ പെയ്താൽ പോലും കോളനി നിവാസികൾ ദുരിതത്തിലാണ്. കാലങ്ങളായി വെള്ളം ഒഴുകിപ്പോകുന്ന വഴി സ്വകാരവ്യക്തി മണ്ണിട്ടു നികത്തിയതിനാൽ വീടുകളിൽ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണ്. ഇരുപത്തഞ്ചോളം Sc കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുടുംബങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് നിലവിൽ.

കൊയിലാണ്ടിടൗണിലെ മുഴുവൻ മലിന ജലവും റെയിൽവെ കൾവർട്ടിലൂടെ ഒഴുകി കിഴക്കു ഭാഗത്തെ കോളനി പ്രദേശത്തെ ഓവുചാലു വഴി ഒഴുകി വായനാരി തോടിലൂടെ പുഴയിലേക്കൊഴുകുകയാണ് പതിവ്. എന്നാൽ ഈ വർഷം വായനാരി തോട്ടിലേക്കുള്ള ഒഴുക്ക് തടഞ്ഞു കൊണ്ട് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയതിനാൽ മുഴുവൻ ജലവും പ്രദേശത്ത് കെട്ടിക്കിടന്ന് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാനും, വീടിനകത്തു നിൽക്കാനും പറ്റാത്തത്രേം ദുരിതത്തിലാണ് പ്രദേശത്തുകാർ.

മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി മുതലായ പകർച്ചവ്യാധികൾ ദിനം തോറും പെരുകി വരുന്ന സാഹചര്യത്തിൽ ഈ യൊരു ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ അധികാരികൾ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡൻ്റ് അൻജുഷ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈ. പ്രസിഡൻ്റ് കെ.വി. റീന, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി M M ശ്രീധരൻ, വാർഡ് കമ്മിറ്റി ഭാരവാഹികളായ തങ്കമണി കെ. കെ, പ്രേമ കെ.യം, എ.ടി. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
