രജിസ്ട്രാറായി ഡോ. കെ എസ് അനിൽ കുമാറിന് തുടരാമെന്ന് ഹൈക്കോടതി

രജിസ്ട്രാറായി ഡോ. കെ എസ് അനില്‍ കുമാറിന് തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിന്‍ഡിക്കറ്റ് യോഗം തന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയതിനാല്‍ ഹർജി പിന്‍വലിക്കണമെന്ന് അനില്‍ കുമാര്‍ കോടതിയെ അറിയിച്ചതോടെ ഹർജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പില്ലന്ന് കോടതി വ്യക്തമാക്കി.

കോടതിവിധി സിന്‍ഡിക്കേറ്റ് നിലപാടിന് ഉള്ള അംഗീകാരമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാന്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് തീരുമാനം ശരിയാണ് എന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അതിനുള്ള അംഗീകാരമാണ് കോടതിയില്‍ നിന്ന് ലഭിച്ചെന്നും ഷിജു ഖാന്‍ പറഞ്ഞു. ചട്ടവിരുദ്ധമായിട്ടാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്.

രജിസ്ട്രാറുടെ നിയമനാധികാരം സിന്‍ഡിക്കേറ്റിനു മാത്രമാണ്. അതിന് വിരുദ്ധമായാണ് ആക്ടിങ് വിസിയുടെ തീരുമാനമുണ്ടായത്. സിന്‍ഡിക്കേറ്റ് തീരുമാനം മറികടക്കാന്‍ വിസിക്ക് അധികാരമില്ല. നിയമവിരുദ്ധ ഉത്തരവുകള്‍ വൈസ് ചാന്‍സിലര്‍ ഇറക്കാന്‍ പാടില്ലെന്നും ഷിജു ഖാന്‍ പറഞ്ഞു. അതേസമയം രജിസ്ട്രാർ കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി നിയമ വിരുദ്ധമെന്ന് വി സി പ്രതികരിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ലെന്നും രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നൽകിയെന്നുമാണ് വി സിയുടെ റിപ്പോർട്ട്.

