കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാറിന് സമർപ്പിച്ചു

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാറിന് സമർപ്പിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയും, വീടിൻ്റെ സാഹചര്യങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വിശദമായ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ സമർപ്പിക്കുവാനാണ് തീരുമാനം.

അപകടവുമായി ബന്ധപ്പെട്ട വീഴ്ചകൾ ആരുടെയെങ്കിലും ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷമാവും കളക്ടർ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക. കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാവും സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുന്നത്. പതിനൊന്നാം തീയതി ചേരുന്ന മന്ത്രിസഭായോഗത്തിൽ ബിന്ദുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവും.

