KOYILANDY DIARY.COM

The Perfect News Portal

പാരമ്പര്യ ഭക്ഷ്യവിഭവങ്ങളുമായി സർഗാലയ

പയ്യോളി: പാരമ്പര്യ ഭക്ഷ്യവിഭവങ്ങളുടെ അഞ്ചാം സീസൺ കൗണ്ടർ ഇരിങ്ങൽ സർഗാലയയിൽ തുടങ്ങി. നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ബദാം ന്യുട്രീഷൻ മിക്സ്, ഔഷധ ധാന്യപ്പൊടി, കുട്ടികൾക്കുള്ള പോഷകപ്പൊടി, പാരമ്പര്യ അരിയുണ്ട എന്നീ വിഭവങ്ങളാണ് ഈ മൺസൂൺ സീസണിൽ ഒരുക്കിയിരിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്‌ മുതൽക്കൂട്ടാകുന്ന ഇത്തരം ഉൽപ്പന്നങ്ങൾ കോവിഡ് കാലഘട്ടം മുതൽ സർഗാലയ കഫറ്റീരിയയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നുണ്ട്. 

മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സർഗാലയ സന്ദർശകർക്കും പൊതുജനങ്ങൾക്കും വാങ്ങാൻ സജ്ജീകരണമൊരുക്കിയതായി അധികൃതർ അറിയിച്ചു. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും പ്രത്യേകതകളും സംബന്ധിച്ച്‌ ഡോ. തുളസി എസ് ഭാസ്‌കരൻ വിശദീകരിച്ചു. സർഗാലയ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ എസ് നിപിൻ, ഓപ്പറേഷൻസ്‌ മാനേജർ ആർ അശ്വിൻ എന്നിവർ സംസാരിച്ചു. സീനിയർ ജനറൽ മാനേജർ ടി കെ രാജേഷ് സ്വാഗതവും എഫ്ആൻഡ് ബി മാനേജർ സി സൂരജ് നന്ദിയും പറഞ്ഞു. വിഭവങ്ങൾക്ക് മുൻകൂട്ടി ഓർഡറുകൾ നൽകാം. ഫോൺ: 9446304222.

 

Share news