നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മീനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.

