തറയ്ക്കൽ രാഘവൻ മാസ്റ്ററുടെ 51-ാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ പ്രസിഡണ്ടായിരുന്ന തറയ്ക്കൽ രാഘവൻ മാസ്റ്ററുടെ 51ാം ചരമവാർഷികം വിവിധ പരിപാടികളോടെ സ്മാരക ട്രസ്റ്റ് ആചരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉണ്ണി മാടഞ്ചേരി അധ്യക്ഷത വഹിച്ചു. യു.കെ. രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 6 പേർക്ക് ചികിത്സാ ധനസഹായവും 4 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുകയും വിതരണം ചെയ്തു.

അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് പഞ്ചായത്തിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ കയ്യെഴുത്തു മത്സര വിജയികൾക്ക് ക്യാഷ് പ്രൈസും പങ്കെടുത്തവർക്കെല്ലാം പോത്സാഹന സമ്മാനവും നൽകി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽ കുമാർ, പഞ്ചായത്തു മെമ്പർ സുധ തടവങ്കയിൽ, കെ. ഭാസ്കരൻ, കെ.പി. സത്യൻ എന്നിവർ സംസാരിച്ചു. പി.വി. ശ്രീനിവാസൻ സ്വാഗതവും ടി. പ്രഭാകരൻ നന്ദിയും പറഞ്ഞു.
