ഒരു വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം. തുടർ നടപടികൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷം

മലപ്പുറം കാടാമ്പുഴയിൽ ഒരു വയസ്സുകാരൻ്റെ മരണം മതിയായ ചികിത്സ കിട്ടാതെയെന്ന പരാതിയിൽ തുടർ നടപടികൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. അശാസ്ത്രീയ ചികിത്സകളാണ് കുടുംബം പിന്തുടർന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം. അക്യുപങ്ചർ ചികിത്സകരായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നതോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.

മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. റിപ്പോര്‍ട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുഞ്ഞിന് അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം മൊഴി നൽകിയത്. രണ്ടുമാസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇതിന് സമാന്തര ചികിത്സകളാണ് നൽകിയത്. വീട്ടിലായിരുന്നു പ്രസവം. വാക്സിനുകളും നൽകിയിട്ടില്ല. വീട്ടിലെ പ്രസവത്തിനും അശാസ്ത്രീയ ചികിത്സകൾക്കുമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവരാണ് ദമ്പതികൾ. കോട്ടക്കൽ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

