മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ. 20 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായി. മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

പിടിയിലായ എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അംഗം പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയതായി മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. പിടിയിലായ മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് നടൻ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു വർഷത്തോളമായി നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.

ലഹരി ഉപയോഗത്തിനായി നാല് ലക്ഷത്തിലധികം രൂപ ഗൂഗിൾപേ വഴി നൽകിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടൻ കൃഷ്ണയും മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു. എന്നാൽ, പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടന്റെ വീട്ടിൽ എത്തിയെങ്കിലും നടൻ വീട്ടിൽ ഇല്ലെന്നും സിനിമാ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നും കണ്ടെത്തി.

