KOYILANDY DIARY.COM

The Perfect News Portal

ഹെക്സയ്ക്കു ടാറ്റ മോട്ടോഴ്സ് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കി

അടുത്തയിടെ വിപണിയിലെത്തിയ സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഹെക്സയ്ക്കു ടാറ്റ മോട്ടോഴ്സ് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കി. ഗ്രൂപ്പിന്റെ ഇ കൊമേഴ്സ് പോര്‍ട്ടലായ ടാറ്റ ക്ലിക്കിലൂടെ പുതിയ ഹെക്സ ബുക്ക് ചെയ്യാം. ഒറ്റ ക്ലിക്കിലൂടെ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനും അധിക സൗകര്യങ്ങളും സംവിധാനങ്ങളും സ്വന്തമാക്കാനും അവസരമുണ്ടാകുമെന്നു ടാറ്റ ക്ലിക്. കഴിഞ്ഞ മാസം അരങ്ങേറ്റം കുറിച്ച ഹെക്സയുടെ വിവിധ വകഭേദങ്ങള്‍ക്ക് 12.08 ലക്ഷം രൂപ മുതലാണു വില.

സ്റ്റൈലിന്റെയും സൗകര്യങ്ങളുടെയും പ്രകടനക്ഷമതയുടെയും സംഗമമാണു ടാറ്റ ഹെക്സയെന്ന് ടാറ്റ ക്ലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അശുതോഷ് പാണ്ഡെ. അതുകൊണ്ടുതന്നെ ഈ പുത്തന്‍ എസ് യു വിയെ അടുത്തറിയാന്‍ അവസരം ലഭിക്കുന്നത് ക്ലിക് ഉപയോക്താക്കള്‍ക്ക് ആവേശകരമായ അനുഭവമാകും.

 അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകവുമായി ബന്ധം സ്ഥാപിക്കാന്‍ ക്ലിക്കുമായുള്ള ഈ സഖ്യം സഹായകമാവുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവാസ്തവയുടെ പ്രതികരണം.

പരസ്പരം സംവദിക്കാന്‍ അവസരമൊരുക്കുന്ന ഡിജിറ്റല്‍ ലോകത്ത് ഇടം ഉറപ്പിക്കാന്‍ വ്യവസായ ഭേദമില്ലാതെ ബ്രാന്‍ഡുകള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കാന്‍ കമ്പനി നടത്തുന്ന ശ്രമങ്ങളില്‍ ക്ലിക്കുമായുള്ള പുതിയ കൂട്ടുകെട്ട് ഏറെ ഗുണകരമാകും. പുനഃരുദ്ധാരണത്തിനായി ടാറ്റ മോട്ടോഴ്സ് തയാറാക്കിയ ഹൊറൈസന്‍ നെക്സ്റ്റ് പദ്ധതിയുടെ ഭാഗമായി കമ്പനി വിപണിയിലെത്തിച്ച നാലാമത്തെ മോഡലാണ് ഹെക്സ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *