പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിൻ്റെ പരാമർശം ദു:ഖകരം; ടി പി രാമകൃഷ്ണൻ

പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിൻ്റെ പരാമർശം ദു:ഖകരമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പെൻഷൻ പ്രത്യുൽപ്പാദനപരമല്ല എന്ന നിലപാടാണ് കോൺഗ്രസ് ആദ്യം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പെൻഷനിൽ യു ഡി എഫ് സംഭാവന 100 രൂപ മാത്രമാണ്. പെൻഷൻ തുക വർധിപ്പിക്കും, വീട്ടമ്മമാർക്കും പെൻഷൻ പദ്ധതി നടപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ വാങ്ങുന്ന കുടുംബങ്ങളെ അവഹേളിക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്. കെ സി വേണുഗോപാലിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. വേണുഗോപാലിൻ്റെ അഭിപ്രായത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായാണ് എൽ ഡി എഫ് കാണുന്നത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ് എൽ ഡി എഫ് ചർച്ചയാക്കുന്നത് മണ്ഡലത്തിൽ എൽ ഡി എഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെന്നല ബാലകൃഷ്ണ പിള്ളയുടെ വേർപാടിൽ എൽ ഡി എഫ് അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

