KOYILANDY DIARY.COM

The Perfect News Portal

താമരശേരി ഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് നിര്‍ദേശം. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇവര്‍ക്കനുകൂലമായ തീരുമാനമുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് നിർദേശം.

നാളെ രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ അഡ്മിഷന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ താമരശേരി പൊലീസിന് നിര്‍ദ്ദേശം നല്‍കി. കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന് എതിരെയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് വിമര്‍ശനം.

 

പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കും. സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

Advertisements
Share news