6 വയസുകാരന്‍ മുതല്‍ 70കാരന്‍ വരെ; ഒരേ സമയം പെരിയാര്‍ നീന്തിക്കടന്നത് 419 പേര്‍

ആലുവയില്‍ ഒരേ സമയം പെരിയാര്‍ നീന്തിക്കടന്ന് 419 പേര്‍. വാളശ്ശേരില്‍ റിവര്‍ സ്വമ്മിങ് ക്ലബ്ബില്‍ നിന്നും പരിശീലനം നേടിയവരാണ് ഒരുമിച്ച് പെരിയാറിന് കുറുകെ നീന്തിയത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ, എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു കൂട്ട നീന്തലിന്‍റെ ലക്ഷ്യം. 6 വയസ്സുകാരന്‍ കേദാര്‍ മുതല്‍ 70കാരന്‍ അസീസ് വരെയുള്ള 419 പേരാണ് ഒരേ സമയം പെരിയാറിനെ കീഴടക്കാനെത്തിയത്.

ആലുവ മണപ്പുറം മണ്ഡപം കടവിൽ മുനിസിപ്പല്‍ കൗൺസിലർ വി. എൻ സുനീഷ് ഫ്ലാഗ് ഓഫ് ചെയ്തതിനു പിന്നാലെ ആര്‍പ്പുവിളികളോടെ ഓരോരുത്തരായി പുഴയിലേക്ക് ചാടി. കുട്ടികളെന്നോ വനിതകളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ എല്ലാവരും കൈകാലുകള്‍ കുഴയാതെ അര മണിക്കൂറിനകം പെരിയാറിനെ കീഴടക്കി.

15 വയസ്സില്‍ താഴെയുള്ള 150 ഓളം കുട്ടികള്‍ ഉള്‍പ്പെടുന്ന നീന്തല്‍ സംഘം ദേശം കടവിലേക്ക് നീന്തിക്കയറുമ്പോള്‍ നിലയ്ക്കാത്ത കയ്യടി. നീന്തല്‍ ശരിയായി പഠിച്ചാല്‍ പെരിയാറൊന്നും ഒരു പ്രശ്നമല്ലെന്ന് 7 വയസ്സുകാരനും 70കാരനും ഒരേ സ്വരത്തില്‍ പറഞ്ഞു. ആദ്യമായി പുഴ നീന്തിക്കടന്നതിന്‍റെ സന്തോഷം വനിതകള്‍ ഉള്‍പ്പടെ പങ്കുവെച്ചു. ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കലായിരുന്നു കൂട്ട നീന്തല്‍ സംഘടിപ്പിച്ചതിന്‍റെ പ്രധാന ലക്ഷ്യമെന്ന് പരിശീലകന്‍ സജി വാളശ്ശേരി പറഞ്ഞു. സജിക്കു കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2986 പേരില്‍ 419 പേരാണ് പെരിയാറിനു കുറുകെ നീന്തിയത്.

