പെൺകുട്ടിയെ ശല്യം ചെയ്തു; പൊലീസ് സ്റ്റേഷനിലെത്തിയ മധ്യവയസ്കന്‍ പൊലീസുകാരെ ആക്രമിച്ചു

കോഴിക്കോട്: പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കന്‍ പൊലീസുകാരെ ആക്രമിച്ചു. കേസിൽ കക്കോടി കൂടത്തും പൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി അബ്രഹാം (52) അറസ്‌റ്റിൽ. പെരുവണ്ണാമുഴി സ്വദേശിനിയുടെ പരാതിയിൽ എബി അബ്രഹാമിനെ സ്റ്റേഷനിലേക്ക് വിളിച്ച് വസ്തുത അന്വേഷിക്കുന്നതിനിടയിലായിരുന്നു അക്രമം.

പരാതിക്കാരിയുമായുള്ള തർക്കത്തിൽ അക്രമാസക്തനായ പ്രതിയെ ശാന്തനാക്കാൻ ശ്രമിച്ച എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്തിനെയും മറ്റ് പൊലീസുകാരെയും ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. എബി അബ്രഹാമിനെ കോടതിയിൽ ഹാജരാക്കി.

