KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് തീരുമാനത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചത്.

തിങ്കളാഴ്ച മുതലാണ് ഈ സ്റ്റേഷനുകൾ പൂട്ടിയത്. തീരുമാനം പിൻവലിക്കുകയും ഈ സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ നിർദേശം നൽകുകയും ചെയ്തതായി കേന്ദ്രമന്ത്രി അറിയിച്ചു. ഈ സ്റ്റേഷനുകള്‍ ഇല്ലാതായാല്‍ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാര്‍ പ്രയാസത്തിലാകുമെന്ന് മന്ത്രി അബ്ദുറഹിമാൻ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന ജീവനക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നൂറുകണക്കിന് പേരാണ് പൂട്ടിയതോടെ പ്രതിസന്ധിയിലായത്. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞതു കാരണം ഈ സ്റ്റേഷനുകളില്‍ നിരവധി ട്രെയിനുകളുടെ സ്റ്റോപ്പ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, ഈ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതിനാല്‍ ടിക്കറ്റ് വരുമാനം കുറഞ്ഞു. വരുമാനം കുറവെന്ന കാരണം പറഞ്ഞാണ് സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയത്.

Advertisements
Share news