കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ഹൈക്കോടതി നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതി നിർദേശം

കേണൽ സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായുടെ പരാമർശത്തിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. സമാന്തര നടപടികൾ ആവശ്യമില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടികൾ നിർത്തിവയ്ക്കാൻ മധ്യപ്രദേശ് ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. വിജയ്ഷായുടെ അറസ്റ്റ് സ്റ്റേ ചെയ്യുന്നത് ഉൾപ്പെടെ മെയ് 19 ന് പുറപ്പെടുവിച്ച ഇടക്കാല നിർദ്ദേശങ്ങളും നീട്ടി.

അതേസമയം മധ്യപ്രദേശ് ഡിജിപി അന്വേഷണം സംബന്ധിച്ച തലസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിൽ ആണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്നും സമയം നീട്ടി നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ജൂലൈ വാരത്തിൽ കേസ് വീണ്ടും പരിഗണിക്കും.

മേയ് 12 നാണ് ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിൽ മന്ത്രി വിവാദ പരാമർശം നടത്തിയത്. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ തിരിച്ചടിയിൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമർശം നടത്തിയത്.

‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ – എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.

