KOYILANDY DIARY.COM

The Perfect News Portal

വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടരുത്. സർവകക്ഷി യോഗം

.
വെള്ളറക്കാട് റെയിൽ വേസ്റ്റേഷൻ അടച്ചുപൂട്ടരുതെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. മൂടാടിയിലെ ഗ്രാമീണ ജനത കഴിഞ്ഞ 60 വർഷകാലമായി ഉപയോഗപ്പെടുത്തുന്ന റെയിൽവേ ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കാനുള്ള തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഗ്രാമ പഞ്ചായത്തിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം ആവശ്യ പ്പെട്ടു. മഹാനായ കേരളഗാന്ധി കെ. കേളപ്പൻ്റ ശ്രമഫലമായി സ്ഥാപിക്കപ്പെട്ടതാണ് വെളറക്കാട് റെയിൽ വേസ്റ്റേഷൻ. കോവിഡിന് മുന്നേവരെ 8 വണ്ടികൾ നിർത്തിയിരുന്ന ഈ ഹാൾട്ടിംഗ് സ്റ്റേഷനിൽ കോവിഡിന് ശേഷം 3 ആക്കി ചുരുക്കുകയായിരുന്നു.
രാവിലയും വൈകൂട്ടുമുള്ള വണ്ടികളുടെ സ്റ്റോപ്പും ഒഴിവാക്കി. ഇതോടെയാണ് സ്റ്റേഷനിൽ വരുമാനമില്ലാതായത്. വരുമാന കുറവാണ് സ്റ്റേഷൻ അടക്കാൻ കാരണമായി പറയപ്പെടുന്നത്. ഭാവിയിൽ മറ്റ് ഹാട്ടിംഗ് സ്റ്റേഷനുകളും നിർത്തലാക്കാനുള്ള തുടക്കമാണിതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. തീരുമാനം പിൻവലിക്കാൻ എം.പി.മാർ ഇടപെടമെന്നും റെയിൽവെ നിലപാടിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. മെയ് 27 ന് ചൊവ്വാഴ് ച മൂടാടി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഷിജ പട്ടേരി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് സി കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ പപ്പൻ മൂടാടി, പാർട്ടി നേതാക്കളായ രാമകൃഷ്ണൻ കിഴക്കയിൽ, കെ. സത്യൻ, കെ.പി. മോഹനൻ, എൻ. ശ്രീധരൻ, കെ.പി. കരിം, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, സുധീർ ചാത്തോത്ത്, പി.വി. ഗംഗാധരൻ, അരവിന്ദൻ മാസ്റ്റർ, കെ.രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ചെയർമാനും വാർഡ് മെമ്പർ പപ്പൻ മൂടാടി ജനറൽ കൺവീനറുമായി കർമ്മ സമിതി രൂപീകരിച്ചു.
Share news