പതിനേഴുകാരിയെ തീ കൊളുത്തിക്കൊന്ന കേസ്; ആൺസുഹൃത്തിന് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ടയിൽ 17 വയസ്സുകാരിയെ മുത്തഛന് മുന്നിൽ തീ കൊളുത്തിക്കൊന്ന കേസിൽ ആൺസുഹൃത്തിന് ജീവപര്യന്തം കഠിന തടവ്. നാലുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. 2017 ൽ കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയൽവാസിയും കാമുകനുമായ സജിലാണ് പ്രതി വിളിച്ചിട്ടും കൂടെച്ചെല്ലാൻ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

2017 ജൂലൈ 14നു വൈകുന്നേരമായിരുന്നു സംഭവം നടന്നത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടില്‍ വെച്ചാണ്, ഒപ്പം വരണമെന്ന ആവശ്യം പെൺകുട്ടി നിരാകരിച്ചതിനെ തുടർന്ന് പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച് സജില്‍ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം വിദഗ്ധ ചികില്‍സയ്ക്കായി മാറ്റി. ജൂലൈ 22 ഓടെ മരണം സംഭവിക്കുകയായിരുന്നു.

