ഊട്ടിയിൽ ഫ്ലവർഷോയ്ക്ക് തുടക്കം

ഗൂഡല്ലൂർ: ഊട്ടിയിൽ 127-ാമത് ഫ്ലവർഷോയ്ക്ക് തുടക്കം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ലവർഷോ ഉദ്ഘാടനം ചെയ്തു. നീലഗിരി വസന്തോത്സവത്തിന്റെ മുഖ്യയിനമായ ഫ്ലവർ ഷോ വ്യാഴാഴ്ച രാവിലെ 10.30നാണ് ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കൃഷിമന്ത്രി പനീർ സെൽവം അധ്യക്ഷനായി. ഈ മാസം 25നാണ് ഷോ സമാപിക്കുക.

നിരവധി സഞ്ചാരികളാണ് ഫ്ലവർഷോ കാണാനായി എത്തുന്നത്. സഞ്ചാരികളുടെ വരവ് കാരണം ഈ പാസ് എടുക്കുന്ന 5 ചെക്ക് പോസ്റ്റുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. വസന്തോത്സവത്തിന്റെ ഭാഗമായി പച്ചക്കറി, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ പ്രദർശനവും റോസ് ഷോയും നടക്കുന്നുണ്ട്. മെയ് അവസാനം കുനൂരിൽ പഴങ്ങളുടെ പ്രദർശനവും നടക്കും.

