KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്തെ കടുവ ആക്രമണം; തെരച്ചില്‍ നടത്താൻ മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെട്ട സംഘം

മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനായി വയനാട് മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെടെ സംഘം പുറപ്പെട്ടിട്ടുണ്ട്. ഡോ. അരുണ്‍ സഖറിയയും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.

നോര്‍ത്തേണ്‍ റീജിയണ്‍ (വൈല്‍ഡ് ലൈഫ്) സി.സി.എഫ് ഉമ ഐ.എഫ്.എസ്, മറ്റ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര വന്യജീവി നിയമത്തിന്റെ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SoP) പ്രകാരം രൂപീകരിക്കുന്ന സമിതി ഉടന്‍ യോഗം ചേര്‍ന്ന് കടുവയെ മയക്കുവെടിവെക്കുന്നതും കൂടുവെച്ച് പിടികൂടുന്നതും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.

 

 

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രതിനിധി, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (NTCA) പ്രതിനിധി, മൃഗഡോക്ടര്‍, പ്രദേശത്തെ എന്‍.ജി.ഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി, ഡി.എഫ്.ഒ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംഭവസ്ഥലത്ത് രൂപീകരിക്കുന്ന ആറംഗ സമിതിയാണിത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിക്കും. പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

Advertisements
Share news