ഹൃദയാഘാതത്തെ സൂക്ഷിക്കണം; ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്

ചെറുപ്പക്കാർക്ക് പോലും അപ്രതീക്ഷിതമായി ഹൃദയാഘാതം വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. അതിനാൽ തന്നെ ഹൃദയാരോഗ്യം ശ്രദ്ധിക്കുക എന്നത് ജീവൻ തന്നെ രക്ഷിച്ചേക്കാവുന്ന ഒരു മുന്കരുതലാണ്. നേരത്തെയുള്ള രോഗനിർണയം ഹൃദയാഘാത സാധ്യത കുറയ്ക്കാനുള്ള ഒരു മാർഗമാണ്. ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെയാകാം. എന്തൊക്കെയാണിവ എന്നു നോക്കാം.

ശ്വാസതടസ്സം

നെഞ്ചിന് വേദന ഇല്ലാതെ തന്നെ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം. പതിവുള്ള ജോലികൾ ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഒരിക്കലും അവഗണിക്കാൻ പാടില്ല.

നെഞ്ചെരിച്ചിലും നെഞ്ചിന് കനവും

നെഞ്ചിന് കനമോ നെഞ്ചെരിച്ചിലോ ഉണ്ടെങ്കിൽ ചിലപ്പോഴത് ഹൃദയപ്രശ്നങ്ങളുടെ സൂചനയാകാം. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയത് എന്തെങ്കിലും ആവുമെന്ന് കരുതി ഈ അസ്വസ്ഥതകളെ പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കാം. ഈ ലക്ഷണങ്ങള് തുടരുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടാം.
വിട്ടുമാറാത്ത ക്ഷീണം
വിശ്രമിച്ചാലും ക്ഷീണം മാറുന്നില്ലെങ്കിൽ ഹൃദയം ശരിയായി പ്രവർത്തിക്കാത്തതിന്റെ സൂചനയാകാം. വിവിധ കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ ക്ഷീണം ഉണ്ടാകാം. എങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാനായി വൈദ്യപരിശോധന നടത്തി നോക്കുന്നത് നല്ലതാണ്.
രക്തസമ്മർദ്ദം
രക്തസമ്മർദ്ദം ഗുരുതരമാകും വരെ പലരും അതിന് ശ്രദ്ധ കൊടുക്കാറില്ല. രക്തസമ്മർദ്ദം അനിയന്ത്രിതമായി കൂടുന്നത് ഹൃദയത്തിന് ആയാസം ഉണ്ടാക്കും. ഇത് ഹൃദയാഘാതത്തിനും, പക്ഷാഘാതത്തിനും ഉള്ള സാധ്യത വർധിപ്പിക്കും. അതിനാൽ രക്തസമ്മർദ്ദം പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്.
ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം ഉണ്ടാകേണ്ടതും പതിവായി പരിശോധനകൾ നടത്തേണ്ടതും ഇക്കാലഘട്ടത്തിൽ പ്രധാനമാണ്. കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗം ഉണ്ടെങ്കിൽ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ഒപ്പം തന്നെ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ നൽകണം. ആന്റിബയോട്ടിക്സുകളുടെ അമിതോപയോഗവും ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദയാഘാതം വർധിച്ചു വരുന്ന ഈ കാലത്ത് കണ്ടറിഞ്ഞുള്ള രോഗനിർണയം പ്രധാനമാണ്. ജീവൻ രക്ഷിക്കാൻ ഇത് സഹായിക്കും.
