KOYILANDY DIARY.COM

The Perfect News Portal

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിധി ഇന്ന്; കേസിലെ ഏകപ്രതി കേഡല്‍ ജെന്‍സന്‍ രാജ

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേഡല്‍ ജെന്‍സന്‍ രാജയാണ് കേസിലെ ഏകപ്രതി. ജഡ്ജി കെ വി വിഷ്ണുവാണ് വിധി പറയുക.

2017 ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ നന്തന്‍കോട് ബെയിൽസ് കോമ്പൌണ്ട് 117ല്‍ റിട്ട. പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ രാജയുടെ മകനായ കേഡല്‍ കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.

 

വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ രണ്ട് തവണയും കേസ് കോടതിയില്‍ എത്തിയപ്പോള്‍ ശിക്ഷാവിധി മാറ്റിവെക്കുകയായിരുന്നു.

Advertisements
Share news