തലശേരിയിൽ 33 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ബിഹാർ സ്വദേശികളടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് 33 കാരിയായ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യംചെയ്‌തുവരികയാണ്.

ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു.

തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക് കൊണ്ടുപോയി. യുവതിയെ എരഞ്ഞോളി മഹിളമന്ദിരത്തിലേക്ക് മാറ്റി.

