KOYILANDY DIARY.COM

The Perfect News Portal

പോപ്പിന്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം പങ്കുവെച്ച് ട്രംപ്

യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പോപ്പിന്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഉയരുന്നത് വൻ വിമർശനങ്ങൾ. ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം അടുത്ത പോപ്പ് ആകാൻ ആഗ്രഹിക്കുന്നുവെന്ന് തമാശയായി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇത്തരത്തിൽ ചിത്രം പങ്കുവെച്ചത്. ഇതിനു താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പിന്നെ അനുകൂലിച്ചും പ്രതികൂലിച്ചും ആണ് കമന്റുകൾ. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന ആരോപണവും ഉയർന്നു.

അടുത്തിടെ നടന്ന ഒരു വീഡിയോ അഭിമുഖത്തിൽ, കത്തോലിക്കാ സഭയെ ആരാണ് നയിക്കേണ്ടതെന്ന് ട്രംപിനോട് ചോദിച്ചു. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ അദ്ദേഹം തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു മറുപടി നൽകിയത്. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

വത്തിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്ന ഈ സമയത്ത്, മതപരമായ ഒരു നിലപാടിനെ നിസ്സാരമായി ചിത്രീകരിച്ചതിന് നിരവധി ഉപയോക്താക്കൾ ട്രംപിനെ വിമർശിച്ചു. ചിലർ പോസ്റ്റിനെ “ദൈവനിന്ദ” എന്നും “അങ്ങേയറ്റം അനാദരവ്” എന്നും വിളിച്ചു. ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്.

Advertisements
Share news