കേരളഫീഡ്‌സ് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് തൊഴിലാളി സംഗമം ആവശ്യപ്പെട്ടു

ചേമഞ്ചേരി: കേരളഫീഡ്സ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമം ആവശ്യപ്പെട്ടു. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതകാരണം ഉൽപ്പാദനം കുറഞ്ഞ നിലയിലാണ് കമ്പനി. ട്രാൻസ്പോർട്ടിങ്ങ് ഏജൻസിയുടെ അനാസ്ഥ തൊഴിലാളി സംഘടനകൾ തുറന്നുകാണിച്ചിട്ടും അധികൃതർ ഏജൻസികൾക്കെതിരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. കമ്പനിയിൽ നിലവിൽ തൊഴിലെടുക്കുന്നവരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണുള്ളത്.

ക്ഷീരകർഷകർക്ക് ഗുണമേൻമയുള്ള കാലിത്തീറ്റ വിതരണം ചെയ്യുന്ന പൊതുമേഖല സ്ഥാപനം നിലനിർത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ആർ.ജെ.ഡി സംസ്ഥാനസമിതി അംഗം എം.പി. ശിവാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. ഉണ്ണി തിയ്യക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ രാമചന്ദ്രൻ കുയ്യണ്ടി, രജീഷ് മാണിക്കോത്ത്, കെ.വി.ചന്ദ്രൻ, എം.പി. അജിത, അവിനാഷ് ചേമഞ്ചേരി, ഷീബ ശ്രീധരൻ, ജനാർദ്ധനൻ, സബിത മേലാത്തൂർ, ശിവൻ മലയിൽ എന്നിവർ സംസാരിച്ചു.
