ആദ്യ റീച്ച് പൂർണ സജ്ജം; ഒറ്റത്തൂൺ മേൽപാലം സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ദേശീയപാത നിർമാണത്തിന്റെ വടക്കേ അറ്റത്തെ ആദ്യ റീച്ച് പൂർണ സജ്ജമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കാസർകോഡ് നഗരത്തിലെ ഒറ്റത്തൂൺ മേൽപാലം സന്ദർശിച്ച് നിർമാണം വിലയിരുത്തി. ദേശീയ പാതയിൽ തലപ്പാടി മുതൽ ചെങ്കള 39 കിലോമീറ്റർ വരുന്ന ആദ്യ റീച്ചാണ് പൂർണ്ണ സജ്ജമായത്. സംസ്ഥാനത്ത് ദേശീയപാത ആറ് വരി നിർമാണം പൂർത്തിയാക്കുന്ന ആദ്യ റീച്ചായി തലപ്പാടി – ചെങ്കള.

കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അഭിമാനകരമായ രീതിയിൽ നിർമാണം പൂർത്തിയാക്കി. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഓരോ രണ്ടാഴ്ചയും കൂടുമ്പോൾ റീച്ച് സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി തടസ്സങ്ങൾ അപ്പപ്പോൾ നീക്കിയാണ് നിർമാണം പൂർത്തിയാക്കിയത്. ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് പണം മുടക്കിയ സംസ്ഥാന സർക്കാർ 5800 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനായി നൽകിയത്.

യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതി എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയിലാണ് യാഥാർത്ഥ്യമായതെന്ന് കാസർകോട്ടെ ഒറ്റത്തൂൺ മേൽപാലം സന്ദർശിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നാല് പ്രധാന പാലം, നാല് ചെറിയ പാലം, 21 അടിപ്പാത, 10 മേൽ നടപ്പാലം, രണ്ട് ഓവർ പാസ് തുടങ്ങിയവയാണ് ഈ റീച്ചിലുള്ളത്. കാസർകോട് നഗരത്തിലെ 1.12 കിലോമീറ്റർ നീളത്തിലും 27 മീറ്റർ വീതിയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമിച്ച കാസർകോഡ് നഗരത്തിലെ ഒറ്റതൂൺ മേൽപ്പാലം ഇതിൽ പ്രധാനമാണ്.

പാലം പൂർണ്ണ തോതിൽ ഗതാഗതത്തിനായി ഉടൻ തുറന്നു കൊടുക്കും. തലപ്പാടി-ചെങ്കള റീച്ചില്‍ ആറുവരിപാതയുടെ അന്തിമഘട്ടനിർമാണം പൂര്‍ത്തിയാക്കി ഉടൻ ദേശീയപാത അതോറിറ്റിക്ക് കൈമാറും. എംഎൽഎമാരായ എം രാജഗോപാലൻ, സി എച്ച് കുഞ്ഞമ്പു, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഊരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

