ലഹരിമൂലമുള്ള മാനസിക പ്രശ്നങ്ങൾ; എല്ലാ ജില്ലയിലും ചികിത്സാകേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്ക് അടിപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്ക് അടിപ്പെടുന്നവരെ ഒറ്റപ്പെടുത്താനല്ല, തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ് ശ്രമം.

സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവരെ ഉൾക്കൊള്ളുംവിധം സമൂഹം മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ടി’ൽ മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവുമടക്കമുള്ള പ്രവർത്തനങ്ങളുണ്ടാകും.

വേനലവധിക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു, സന്തോഷ് ജോർജ് കുളങ്ങര, മുൻ ഡിജിപി ഋഷിരാജ് സിങ്, കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, നടി സരയു എന്നിവർ പങ്കെടുത്തു. ജോൺ ബ്രിട്ടാസ് എംപി മോഡറേറ്ററായി. ഞായർ മുതൽ വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യും.

