KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസുകൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കും

തിരുവനന്തപുരം: പോക്‌സോ കേസുകൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാ​ഗം രൂപീകരിക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അന്വേഷണത്തിലെ കാലതാമസം ഒഴിവാക്കി നടപടി വേ​ഗത്തിലാക്കാൻ 304 തസ്‌തികകൾ സൃഷ്‌ടിക്കും. നാല് ഡിവൈഎസ്‌പി, 40 എസ്ഐ, 40 എഎസ്ഐ, 120 എസ്‌സിപിഒ-, 100 സിപിഒ എന്നിങ്ങനെയാണ് തസ്‌തിക. 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകൾ ആരംഭിക്കും. എസ്ഐമാർക്കായിരിക്കും ചുമതല.

കേസുകളുടെ എണ്ണം കൂടിയപ്പോൾ പ്രത്യേക പോക്‌സോ വിഭാഗം രൂപീകരിക്കുന്നത്‌ സർക്കാർ ആലോചിച്ചിരുന്നു. സുപ്രീംകോടതിയുടെയും നിർദേശമുണ്ടായിരുന്നു. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്ന് ഇതെക്കുറിച്ച്‌ റിപ്പോർട്ട് നൽകാനും തീരുമാനിച്ചു. അഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, സാമൂഹികനീതി സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ്‌ സമിതി രൂപീകരിച്ചത്‌. സമിതിയുടെ ശുപാർശ പ്രകാരമാണ് ഇപ്പോൾ 304 തസ്‌തിക സൃഷ്‌ടിച്ച് പ്രത്യേക വിഭാഗം രൂപീകരിച്ചത്.

 

Share news