KOYILANDY DIARY.COM

The Perfect News Portal

പാതിവില തട്ടിപ്പ് കേസ്; കെ എൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ഡയറക്ടറും സംഘപരിവാർ സഹയാത്രികനുമായ കെ എൻ ആനന്ദകുമാറിന് തിരിച്ചടി. ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തട്ടിപ്പിന്‍റെ സൂത്രധാരൻ ആനന്ദകുമാറാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ പരിഗണിച്ചാണ് കോടതി നടപടി. തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ആനന്ദകുമാർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൃദ്രോഗിയാണെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നുമായിരുന്നു വാദം.

പണം ട്രസ്റ്റിന്റെ അക്കൗണ്ടിലാണ് വന്നിട്ടുളളതെന്നും സാമ്പത്തിക ഇടപാടുകളില്‍ തനിക്ക് നേരിട്ട് പങ്കോ അറിവോ ഇല്ലെന്നും ജാമ്യാപേക്ഷയിൽ ആനന്ദകുമാർ വാദിച്ചു. എന്നാൽ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. തട്ടിപ്പിനേക്കുറിച്ച് മുൻകൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

 

 

സാമ്പത്തിക ഇടപാടുകളിലടക്കം ആനന്ദകുമാറിന് പങ്കുണ്ടായിരുന്നുവെന്നും സാമ്പത്തിക തട്ടിപ്പ് ആനന്ദകുമാറിന്റെ അറിവോടെയാണെന്നും പൊലീസ് വാദിച്ചു. പോലീസ് വാദങ്ങൾ അംഗീകരിച്ചാണ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് ജാമ്യാപേക്ഷ തള്ളിയത്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ആനന്ദകുമാർ നിലവിൽ റിമാന്‍റിലാണ്. അറസ്റ്റിലായതിന് പിന്നാലെ കുഴഞ്ഞ് വീണതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ ജാമ്യാപേക്ഷ വാദത്തിനിടെ കോടതി വിമർശിച്ചിരുന്നു.

Advertisements

 

കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിയിൽ എത്തുമ്പോൾ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍റെ വിമർശനം. പാതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് സംഘപരിവാർ സഹയാത്രികനായ ആനന്ദകുമാർ. പാതി വിലക്ക് സ്കൂട്ടർ ഗ്യഹോപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ പിരിച്ചെടുത്തു എന്നതാണ് കേസ്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ആനന്ദകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.

 

 

കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പാതിവില ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെഎൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെഎൻ ആനന്ദകുമാറിന്റെ വാദം. എന്നാൽ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.

Share news