ഹൈബ്രിഡ് കഞ്ചാവ് കേസ്: പിടിയിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവും പിടിയിൽ

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവും തമിഴ്നാട് സ്വദേശിയുമായ സുൽത്താനാണ് എക്സൈസിന്റെ വലയിൽ വീണത്. തമിഴ്നാട് – ആന്ധ്ര അതിർത്തിയിൽ വെച്ചാണ് പിടികൂടിയത്. എക്സൈസ് അന്വേഷണസംഘം ആന്ധ്രപ്രദേശിൽ എത്തിയിട്ടുണ്ട്. സുൽത്താൻ കേസിലെ മുഖ്യ കണ്ണിയാണ്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിച്ചത് സുൽത്താൻ ആണെന്നും വിവരമുണ്ട്.

സുൽത്താൻ കഞ്ചാവ് മൊത്ത വിൽപ്പനക്കാരിൽ പ്രധാനിയാണ്. മലേഷ്യയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കേരളത്തിൽ ഇടപാട് നടത്തിയത് തസ്ലീമ വഴിയാണ്. ഏപ്രിൽ ഒന്നിന് ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു.

അതേസമയം കേസില്‍ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചിരുന്നു. കേസിൽ എക്സൈസ് വകുപ്പ് നടനെ പ്രതി ചേർക്കാത്തതിനാലാണ് ഇത്. നേരത്തേ, ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് എക്സൈസിനോടു നിർദേശിച്ചിരുന്നു. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീനാഥ് ഭാസി ഹർജി പിൻവലിച്ചത്.

