KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിൽ റിട്ടയേഡ് ജഡ്ജിയിൽ നിന്ന് പണം തട്ടിയ സംഭവം; 3 പേർ പിടിയിൽ

കൊച്ചിയിൽ റിട്ടയേഡ് ജഡ്ജിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഷെയർ ട്രേഡിങ് വഴി അമിത ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയം. മുൻ ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ്യാരിൽ നിന്ന് 90 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിലായിരുന്നു തട്ടിപ്പ്. ജനുവരി 5 ന് തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊച്ചി സൈബർ പോലീസ് ഏറ്റെടുക്കുകയായിരുന്നു.

കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി മുഹമ്മദ് ഷാ, മുഹമ്മദ് ഷാർജിൽ, മിർഷാദ് എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ 1, 2 പ്രതികൾ ഒളിവിലാണ്. സംസ്ഥാനത്ത് 16 കേസുകളാണ് ഇവർക്കെതിരെ ഉള്ളത്. 90 അക്കൗണ്ടുകളിൽ നിന്നായി 35 ലക്ഷം രൂപ പൊലീസ് തിരിച്ചു പിടിച്ചു.

 

അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗത്തും നിരവധി പേരാണ് ഇവരുടെ വാഗ്ദാനത്തിൽ വീണിരിക്കുന്നത്. നിയമത്തിലും സാങ്കേതിക വിദ്യയിലും വിദഗ്ധരായവരെ തന്നെ തട്ടിപ്പിന് ഇരയാക്കുന്നത് തുടർ കഥയാവുകയാണ്. മാനഹാനി ഭയന്ന് പലരും വിവരം പുറത്ത് പറയുന്നില്ല. ആദിത്യ ബിർല ഇക്വിറ്റി ഫണ്ട് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയായിരുന്നു തട്ടിപ്പ്. 850 ശതമാനം ലാഭമായിരുന്നു വാഗ്ദാനം. ലാഭമോ നൽകിയ പണമോ തിരികെ കിട്ടാതെ വന്നപ്പോഴാണ് പലരും പൊലീസിൽ പരാതിപ്പെട്ടത്. തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യൻ തട്ടിപ്പു സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്ന സംശയവും പരിശോധിക്കുന്നുണ്ട്.

Advertisements
Share news