KOYILANDY DIARY.COM

The Perfect News Portal

‘രാജ്യത്ത് ഏറ്റവും സൗഹാര്‍ദമായ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കേരളത്തിൽ’; മുഖ്യമന്ത്രി

രാജ്യത്ത് ഏറ്റവും സൗഹാര്‍ദമായ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം നിലനില്‍ക്കുന്നത് കേരളത്തിലാണെന്നും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സംസ്ഥാനത്ത് ഉണ്ടായ വളര്‍ച്ച 254 ശതമാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 46 ശതമാനം മാത്രമാണ് ആഗോള ശരാശരി. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം സ്റ്റാര്‍ട്ട് അപ്പ് നയം രൂപീകരിച്ചത്. 2016-ല്‍ സ്റ്റാര്‍ട്ട് അപ്പ് നയം രൂപീകരിച്ചു. 6,200 സ്റ്റാര്‍ട്ടപ്പുകളാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനകം സംസ്ഥാനത്ത് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജി- ടെക്ക് സംഘടിപ്പിക്കുന്ന സ്‌കില്‍ ഫെസ്റ്റ് – പെര്‍മ്യൂട്ട് 2025 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഒരു ടാലന്റ് ക്യാപിറ്റല്‍ ആക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ചര്‍ച്ചകള്‍ ആ വിധത്തില്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കണം. സ്റ്റാര്‍ട്ടപ്പ് രംഗത്തെ പോലെ സമാനമായ ഇടപെടല്‍ ഐ ടി രംഗത്തും സര്‍ക്കാര്‍ നടത്തുകയാണ്. ഐ ടി പാര്‍ക്കുകളിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിച്ചു. കേരളത്തിലെ ചെറുപ്പക്കാര്‍ എത്രമാത്രം കഴിവുള്ളവരാണ് എന്ന് തെളിയിക്കുന്നതാണ് സ്റ്റാര്‍ട്ടപ്പ്- ഐ ടി മേഖലയിലെ വളര്‍ച്ച കാണിക്കുന്നത്.

 

 

വ്യവസായരംഗത്തും കേരളം മുന്നേറുകയാണ്. വ്യാജ പ്രചരണങ്ങളെ അതിജീവിച്ചു കൊണ്ടാണ് ഈ മുന്നേറ്റം. കേരളം വ്യവസായ സൗഹൃദമല്ല എന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കാത്ത അവസ്ഥയാണ്. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇനിയും മെച്ചപ്പെടുത്താനുള്ള നീക്കവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ സാങ്കേതികവിദ്യ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പരിപാടിയാണ് ജി- ടെക്ക് സംഘടിപ്പിക്കുന്ന സ്‌കില്‍ ഫെസ്റ്റ് – പെര്‍മ്യൂട്ട് 2025 എന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ അതിന് ഉതകുന്നതാകും എന്ന് കരുതുന്നു. ലഹരി മുക്ത കേരളം പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news