പയ്യോളിയിലും കോൺഗ്രസിൽ കലഹം: ബ്ലോക്ക് വൈസ് പ്രസിഡണ്ട് കണിയാങ്കണ്ടി രാധാകൃഷ്ണനെ സ്സപെൻ്റ ചെയ്തു

പയ്യോളിയിലും കോൺഗ്രസിൽ കലഹം: പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കണിയാങ്കണ്ടി രാധാകൃഷ്ണനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സസ്പെൻ്റ് ചെയ്ത ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറിൻ്റെ കത്ത് കൊയിലാണ്ടി ഡയറിക്ക് ലഭിച്ചു. ഇതോടെ കൊയിലാണ്ടിക്ക് പുറമെ പയ്യോളിയിലും കോൺഗ്രസിൽ ട്രസ്റ്റിൻ്റെ പേരിൽ കലഹം ഉടലെടുത്തിരിക്കുകയാണ്.
കത്തിൻ്റെ ഉള്ളടക്കം: പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടായ താങ്കൾ നിരന്തരമായി സമുഹമാധ്യമത്തിൽ പാർട്ടി നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുകയും, ഇതേ തുടർന്ന് താങ്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു. താങ്കൾ നോട്ടീസിന് മറുപടി നൽകിയിരുന്നെങ്കിലും വീണ്ടും ഈ നടപടി തുടരുന്നതായി ബോധ്യപ്പെട്ടിരിക്കുന്നു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ. കെ.ടി. വിനോദിനോട് വളരെ മോശവും നിന്ദ്യവുമായ പദപ്രയോഗം നടത്തി സംസാരിച്ച് താങ്കൾ വീണ്ടും അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ താങ്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും അന്വേഷണവിധേയമായി സസ്പെൻ്റ് ചെയ്തിരിക്കുന്നു. വിവിധ ഘടകങ്ങൾക്ക് കത്തിൻ്റെ കോപ്പിയും അയച്ചിട്ടുണ്ട്.

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ ഉന്നയിച്ച സാമ്പത്തിക ആരോപണമാണ് ഇപ്പോൾ ബ്ലോക്ക് കമ്മിറ്റിയെയും ഡിസിസി നേതൃത്വത്തെയും ചൊടിപ്പിച്ചതെന്നും, മൂടാടി മണ്ഡലം മുൻപ്രസിഡൻ്റും, ഒരു DCC നേതാവും ഇതിന് പിന്നിലുണ്ടെന്നും ഈ DCC നേതാവിൻ്റെ ഇരട്ടത്താപ്പു നയം പ്രവർത്തകർക്കു മുന്നിൽ തുറന്നു കാണിച്ചതിലുള്ള വിരോധമാണ് വൈസ് പ്രസിഡണ്ടിനെ സസ്പെൻ്റ് ചെയ്യിക്കുന്നതിലേക്കെത്തിച്ചതെന്നുമാണ് പ്രവർത്തകരിൽ നിന്ന് കിട്ടുന്ന വിവരം. ഇതിനു മുമ്പ് നടത്തിയ പണപിരിവുകളിലൊന്നും സുതാര്യതയില്ല എന്നാണ് ഇവർ പറയുന്നത്. ഇത്തരം സംഭവങ്ങൾ ചോദ്യം ചെയ്തതിനാണ് ഈ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് അറിയുന്നത്. വരും ദിവസങ്ങളിൽ കോൺണഗ്രസിൽ ഇത് വൻ കോളിളക്കം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്.

പയ്യോളിയിൽ ആരംഭിച്ച രാജീവ് ഗാന്ധി കോ -ഓപറേറ്റീവ് ഹോസ്പിറ്റൽ തുടങ്ങുന്നതിന് നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നതായും ആ ഹോസ്പിറ്റൽ സംവിധാനം ഇന്ന് നാമവശേഷമായിരിക്കുകയാണെന്നാണ് ഇവരുടെ മറ്റൊരു ആരോപണം. അതിൻ്റെ ഒരു കണക്കും ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കടംവീട്ടാൻ പായസ ചാലഞ്ച് നടത്തി വീണ്ടും വൻ തുക മുക്കിയതായും, ഇത് ചോദ്യംചെയ്തതാണ് ബ്ലോക്ക് നേതൃത്വത്തെ ചൊടിപ്പിച്ചതെന്നുമാണ് വൈസ് പ്രസിഡണ്ടിനെ അനുകൂലിക്കുന്നവരിൽ നിന്ന് അറിയാൻ കഴിയുന്നത്.
നിലവിലെ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡിലേക്ക് ഒരു മെമ്പറിൽ നിന്നും 25000/- (ഇരുപത്തി അയ്യായിരം) രൂപ വാങ്ങി അവരെ ആജീവനാന്ത ബോർഡ് മെമ്പറാക്കിയതായാണ് ഒരു വിഭാഗം പറയുന്നത്. ഇതിനു നേതൃത്വം കൊടുത്ത ഇത്തരം സാമ്പത്തിക അച്ചടക്കമില്ലാത്ത വ്യക്തിക്കു വേണ്ടിയാണ് DCC പ്രസിഡൻ്റ് നിലപാടെടുത്തതെന്നും ആരോപണം നിലനിൽക്കുകയാണ്. പഴയ DICക്കാരാണ് ഇതിനു പിന്നിലെന്നും ഇവർ ആരോപിക്കുന്നു. നടപടി നേരിടുന്ന വൈസ് പ്രസിഡണ്ട് പ്രബലനായ A വിഭാഗക്കാരനാണ്.
