നെൽകൃഷിയിൽ നൂറുമേനി കൊയ്യാനൊരുങ്ങി ചാക്കര പാടശേഖരം

പയ്യോളി: നെൽകൃഷിയിൽ നൂറുമേനി കൊയ്യാനൊരുങ്ങി ചാക്കര പാടശേഖരം. മൂടാടി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024 – 25 ൽ ഉൾപ്പെടുത്തി ചെയ്യുന്ന ‘തരിശ് രഹിത ചാക്കര പാടശേഖരം’ പദ്ധതിയുടെ ഭാഗമായാണ് 30 ഏക്കർ വരുന്ന തരിശ് ഭൂമിയിൽ കൃഷിയിറക്കി വിജയം നേടിയത്. വർഷങ്ങളായി തരിശായി കിടന്നിരുന്ന പാടശേഖരത്തിൽ മൂടാടി പഞ്ചായത്ത്, കൂത്താളിയിലെ കാർഷികയന്ത്രവൽക്കരണ മിഷന്റെ സഹായത്തോടെ തോട് നിർമിക്കുകയും നിലമൊരുക്കുകയും ചെയ്തു. ഇതോടെ പാടശേഖരത്തിന്റെ വെള്ളക്കെട്ട് ഒഴിവാകുകയും തരിശ് ഭൂമി കൃഷിയോഗ്യമാവുകയും ചെയ്തു.

ജ്യോതി, മട്ട, ത്രിവേണി, രക്തശാലി, അറുപതാം കുറുവ എന്നീ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് കൃഷിചെയ്തത്. നിലവിൽ പാടശേഖരസമിതിയിലെ കർഷകരെ കൂടാതെ വിവിധ വാർഡുകളിൽനിന്നുള്ള കൃഷിക്കൂട്ടങ്ങളായ പ്യുവർ ഹാർവെസ്റ്റ്, കർഷകസംഘം, മുന്നേറ്റം, കതിർ, കാർഷിക കർമസേന തുടങ്ങിയവരും ഈ ഉദ്യമത്തിൽ പങ്കാളികളാണ്. പാടശേഖരസമിതി ഭാരവാഹിയായ നാരായണൻ നായർ, മേൽനോട്ട സമിതി അംഗങ്ങളും വാർഡ് അംഗങ്ങളുമായ രവീന്ദ്രൻ, ടി കെ ഭാസ്കരൻ, രജുല എന്നിവർ നേതൃത്വം നൽകുന്നു. കൃഷി ഓഫീസർ ഫൗസിയ, പഞ്ചായത്ത് ഭരണസമിതി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സഹായമായി ഒപ്പമുണ്ട്.

