ചോദ്യപേപ്പർ ചോർച്ച: അബ്ദുൾ നാസറുമായി തെളിവെടുപ്പ് നടത്തുന്നു

ചോദ്യപ്പേപ്പർ ചോർച്ച കേസിലെ നാലാം പ്രതി അബ്ദുൾ നാസറുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു. മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചാണ് തെളിവെടുക്കുന്നത്. അബ്ദുൾ നാസർ എം എസ് സൊല്യൂഷൻസ് അധ്യാപകനായ ഫഹദിന് വാട്സ് ആപ് വഴി ചോദ്യ പേപ്പർ അയച്ചു കൊടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.

അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിനിടെ വിദ്യാർത്ഥികൾക്ക് വീണ്ടും വാഗ്ദാനം നൽകി എംഎസ് സൊല്യൂഷൻസ് ഇന്നലെ രംഗത്ത് വന്നിരുന്നു. എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്അപ്പ് വഴി അയച്ചുതരാമെന്നായിരുന്നു പുതിയ വാഗ്ദാനം.

199 രൂപക്ക് സയൻസ് വിഷയങ്ങളിൽ A + എന്ന തലക്കെട്ടോടെയാണ് പരസ്യം. വലിയ രീതിയിൽ ഈ പരസ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് വാഗ്ദാനം.

