KOYILANDY DIARY.COM

The Perfect News Portal

രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തി. ഇവർക്കൊപ്പം തിരികെ ഇന്ന് രാത്രി 9.30 ന് എയർ എംബ്രേർ ജെറ്റിൽ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ട്രോഫിയുമായി കെ.സി.എ ആസ്ഥാനത്ത് എത്തുന്ന ടീമിനെ പ്രത്യേകമായി ആദരിക്കും.

അണ്ടർ-14 , അണ്ടർ- 16 ടീമിനെ നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ നാഗ്പൂരിൽ ഫൈനൽ കാണാൻ എത്തിച്ചിരുന്നത് ദേശീയതലത്തിൽ വലിയ പ്രശംസപിടിച്ചുപറ്റിയിരുന്നു. ഹോട്ടൽ ഹയാത്തിലാണ് കേരള ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. നാളെ വൈകുന്നേരം 6-ന് ഹയാത്തിൽ നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കായികമന്ത്രി അബ്ദു റഹിമാൻ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, പി. രാജീവ്, എംഎൽഎമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.

Share news