ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; തൃശൂരിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് നടപടിയെന്ന് മുൻജീവനക്കാരൻ ടിറ്റോ തോമസ് മൊഴി നൽകി. തീപിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചിരുന്നു.

വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയോടെയാണ് തീ പിടുത്തം ഉണ്ടായത്. ആദ്യഘട്ടത്തിൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. പിന്നീടാണ് തീവെച്ചത് താനാണെന്ന് അവകാശപ്പെട്ട് മുൻജീവനക്കാരൻ മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങിയത്.

ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈരാഗത്തിലാണ് തീ വെച്ചതെന്നും ഇയാൾ പോലീസിനു മൊഴി നൽകി. കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

