താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ പിടിയിലായ കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതി

താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പിടിയിലായ കുട്ടികൾ കോഴിക്കോട് വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിൽ എസ്എസ്എൽസി പരീക്ഷ എഴുതി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് പരീക്ഷ നടത്തിയത്. ഷഹബാസ് വധക്കേസിൽ പിടിയിലായ കുട്ടികളെ ജുവനൈയിൽ ഹോമിന് സമീപമുള്ള എൻജിഒ ഹയർസെക്കൻഡറി വിദ്യാലയത്തിലാണ് പരീക്ഷ എഴുതിക്കുവാൻ തീരുമാനിച്ചത്. എന്നാൽ രാവിലെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാർത്ഥി – യുവജന സംഘടനകൾ രംഗത്ത് വരികയായിരുന്നു.
ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെയും നിർദ്ദേശപ്രകാരം, കുട്ടികളെ ജുവനൈൽ ഫോമിൽ തന്നെ പരീക്ഷ എഴുതിക്കുവാൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് ഡിഇഒ അബ്ദുൾ അസീസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരീക്ഷ നടത്തിയത്. അതേസമയം എംഎസ്എഫ് മാർച്ചിനിടെ, കേരള വിഷൻ ന്യൂസ് സീനിയർ ക്യാമറാമാൻ സജി തറയിലിന് നേരെ കയ്യേറ്റമുണ്ടായി. എംഎസ്എഫ് പ്രവർത്തകൻ ജുനൈദ് പെരിങ്ങളമാണ് മർദ്ദിച്ചത്. സംഭവത്തിൽ കെ.യു. ഡബ്ല്യു.ജെ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഷഹബാസിൻ്റ വീട് സന്ദർശിച്ചു. ഡിഡിഇ മനോജ് കുമാർ, എഇഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ എത്തിയത്. തൻ്റെ മകനെ കൊന്നവരെ പരീക്ഷയെഴുതിക്കാൻ അനുവദിച്ചത് വേദനയുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു താമരശ്ശേരി ചുങ്കം സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഷഹബാസ് തലയ്ക്ക് ഗുരുതരമായി മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

