KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മുന്നേറ്റം; മുപ്പതിൽ 17 സീറ്റിലും വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് 17 സീറ്റിലും യുഡിഎഫ് 12 സീറ്റിലും ഒരു സീറ്റിൽ എസ്‌ഡിപിഐയും വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ശ്രീവരാഹം ഡിവിഷനിലെ ഇടതുമുന്ന വിജയമാണ് ശ്രദ്ധേയമായത്. എൽഡിഎഫിലെ വി ഹരികുമാർ 1346 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. പിടിച്ചെടുക്കാൻ ബിജെപി പയറ്റിയ എല്ലാ അടവുകളെയും പരാജയപ്പെടുത്തി ഇടതുമുന്നണി മിന്നുന്ന വിജയം നേടുകയായിരുന്നു.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷനിൽ നിന്നും എൽഡിഎഫിലെ വത്സമ്മ തോമസ് 900 വോട്ടുകൾക്ക് വിജയിച്ചു. കൊട്ടാരക്കര നഗരസഭ കല്ലുവാതുക്കൽ വാർഡിൽ എൽഡിഎഫിലെ മഞ്ജു സാം 193 വോട്ടുകൾ വിജയിച്ചു പത്തനംതിട്ട ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. നഗരസഭ പതിനഞ്ചാം വാർഡിൽ നിന്നും എൽഡിഎഫിലെ ബിജിമോൾ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. പുറമറ്റം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഇടതുമുന്നണി നിലനിർത്തി.

 

എറണാകുളം പൈങ്ങോട്ടൂർ പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് സ്വതന്ത്രനിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ അമൽരാജ് 166 വോട്ടുകൾ വിജയിച്ചു. മൂവാറ്റുപുഴ നഗരസഭ 16 വാർഡ്, പായിപ്ര പഞ്ചായത്ത് പത്താം വാർഡ്, അശവന്നൂർ പഞ്ചായത്ത് പത്താം വാർഡ് എന്നിവിടങ്ങളിൽ യുഡിഎഫിനാണ് വിജയം. ഇതിൽ 2 സീറ്റുകളും യുഡിഎഫ് നിലനിർത്തുകയായിരുന്നു.

Advertisements

 

ഇടുക്കി വാത്തിക്കൂടി പഞ്ചായത്തിലെ ദൈവമേട് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസിലെ ബീന 355 വോട്ടുകൾ നേടി വിജയിച്ചു. ആലപ്പുഴ കാവാലം പഞ്ചായത്ത് പാലോടം വാർഡ് എൽഡിഎഫ് നിലനിർത്തി തൃശ്ശൂർ ചൊവ്വന്നൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ 48 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു.

 

കോഴിക്കോട് പുറമേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി 20 വോട്ടുകൾക്ക് വിജയിച്ചു. മലപ്പുറം ജില്ലയിലെ കരുളായി പന്ത്രണ്ടാം വാർഡ്, തിരുനാവായ പഞ്ചായത്തിലെ എട്ടാം വാർഡ് എന്നിവിടങ്ങളിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കാസർഗോഡ് പഞ്ചായത്തിൽ മൂന്നിടത്തും എൽഡിഎഫ് സ്ഥാനാർത്ഥികൾക്കാണ് വിജയം. കോടോംബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ എൽഡിഎഫിലെ സൂര്യഗോപാലൻ വിജയിച്ചു. മടിക്കൈ കയ്യൂർ ചീമേനി വാർഡുകളിൽ നേരത്തെ എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

പാലക്കാട് മുണ്ടൂരിൽ കീഴ്പാടം വാർഡ് 346 വോട്ടുകൾക്ക് എൽഡിഎഫിലെ പ്രശോഭ് വിജയിച്ചു. ഉപതെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ എൽഡിഎഫ് കേന്ദ്രങ്ങളിൽ ആവേശം പകർന്നിട്ടുണ്ട്. സർക്കാരിനും മുന്നണിക്കും എതിരായി നടക്കുന്ന പ്രചാരണങ്ങളെ വോട്ടർമാർ തള്ളിക്കളഞ്ഞു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചു.

Share news