പാലക്കാട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്നുപേർ പിടിയിൽ
പാലക്കാട് വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ്, സബീര്‍ എന്നിവരാണ് പിടിയിലായത്. പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെ കഴിഞ്ഞദിവസം രാത്രിയിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു.

നൗഷാദുമായി പിടിയിലായവർക്ക് ഭൂമി തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് നൗഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികൾ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അജ്ഞാതർ നൗഷാദിനെ കാറിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു.

വൈകിട്ട് ടൗണിൽ പോയി തിരിച്ച് വരുന്ന സമയത്ത് കടയ്ക്കു സമീപം വെച്ച് നിർത്തിയിട്ട വാഗൺആർ കാറിലെത്തിയ മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു. വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങളുടെ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ പിൻവശത്ത് തന്നെയാണ് നൗഷാദിന്റെ വീട്.

വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയിൽ 11 മണിയോടെ മകന്റെ ഫോണിലേക്ക് കോൾ വന്നു. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണ് നൗഷാദ് അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ നവക്കരയിൽ എത്തി. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




