KOYILANDY DIARY.COM

The Perfect News Portal

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രതി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ഡോക്ടേഴ്സ് അറിയിച്ചതായാണ് വിവരം. അതേസമയം, മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൻ്റെ പേരിൽ അഫാൻ എട്ട് വർഷം മുൻപും എലിവിഷം കഴിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. ചികിത്സയിൽ കഴിയുന്ന മാതാവ് ഷെമിന്റെ മൊഴിരേഖപ്പെടുത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

വെഞ്ഞാറമൂട്ടിൽ അ‍ഞ്ച് പേരെ കൊലപ്പെടുത്തുകയും ഒരാളെ ആക്രമിക്കുകയും ചെയ്ത അഫാൻ എലിവിഷം കഴിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാവിലെ 10നും വൈകിട്ട് ആറിനും ഇടയിലായിരുന്നു കൊലപാതക പരമ്പര. പിതൃമാതാവ് സൽമ ബീവിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി.

 

തിരികെ വീട്ടിലെത്തി പ്രതി പെൺ സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തി. ആദ്യം ആക്രമിച്ചത് മാതാവ് ഷെമിയെയാണ്. മരിച്ചെന്ന് കരുതി ഷെമിയെ മുറിയിലിട്ട് പൂട്ടിയ ശേഷമാണ് പിതൃമാതാവിനെ കൊലപ്പെടുത്താൻ പോയത്. കൂട്ടക്കൊലയ്ക്ക് പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisements
Share news