ഭിന്നശേഷി കുട്ടികളുടെ കലാഭിരുചി പരിപാേഷിപ്പിക്കാൻ ‘ദിവ്യകലോദ്യാൻ’

കോഴിക്കോട്: പാടാനും വരയ്ക്കാനും ആടാനും താൽപ്പര്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ വർണലോകം തീർക്കാൻ ‘ദിവ്യകലോദ്യാൻ’ ഒരുങ്ങി. ചേവായൂരിലെ കോമ്പോസിറ്റ് റീജണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസബിലിറ്റീ (സിആർസി) സിലാണ് ഭിന്നശേഷി കുട്ടികളുടെ കലാഭിരുചി പ്രോത്സാഹിപ്പിക്കാൻ ‘ദിവ്യകലോദ്യാൻ’ സജ്ജമായത്. കുട്ടികൾക്ക് കലാഭിരുചികൾ പ്രകടമാക്കാനുള്ള ഒരു വേദി എന്നതിനപ്പുറം പരിശീലനവും ലഭ്യമാക്കുന്ന രീതിയിലാണ് ദിവ്യകലോദ്യാൻ പ്രവർത്തിക്കുക.

ആഴ്ചയിലൊരിക്കൽ അധ്യാപകരെത്തി പരിശീലനം നൽകും. കുട്ടികൾക്ക് അവരാഗ്രഹിക്കുമ്പോൾ ചിത്രം വരയ്ക്കാനും സംഗീതോപകരണങ്ങൾ ഉപയോഗിക്കാനും പാടാനുമെല്ലാം ഇവിടെ അവസരമുണ്ടാകും. സിആർസിയിലെ കുട്ടികൾക്ക് പുറമെ മറ്റുള്ള ഭിന്നശേഷി കുട്ടികൾക്കും ‘ദിവ്യകലോദ്യാനി’ലെത്താം. കേന്ദ്രത്തിലെ സംഗീത വിഭാഗം കൈതപ്രം ദാമോദരൻ നമ്പൂതിരിയും ആർട്ട് ഏരിയ കലക്ടർ സ്നേഹിൽ കുമാർ സിങ്ങും ഉദ്ഘാടനം ചെയ്തു.

ഡയലോഗ് സെന്റർ കേരള സിആർസിക്ക് നൽകുന്ന പുസ്തകങ്ങൾ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ്, തലശേരി ഡയലോഗ് സെന്റർ ജില്ലാ പ്രതിനിധി കെ പി അബ്ദുസലാമിൽനിന്ന് ഏറ്റുവാങ്ങി. സിആർസി ഡയറക്ടർ ഡോ. കെ എൻ റോഷൻ ബിജ്ലി അധ്യക്ഷനായി. കണ്ണൂർ ജില്ലാ ജഡ്ജി ആർഎൽ ബൈജു, കൗൺസിലർ ഡോ. പി എൻ അജിത, ഡോ. ആർ എൽ സരിത, ടി ആരിഫ് നിഷാദ്, ഡോ. ടി വി സുനീഷ്, കെ എം മുരളികൃഷ്ണൻ, എൻ ഷാഹിദ് എന്നിവർ സംസാരിച്ചു. ഡോ. ടി പി മെഹറൂഫ് രാജ്, ഡോ. എൽദോ ജോസഫ് എന്നിവരുടെ സംഗീത വിരുന്നും ഭിന്നശേഷി കുട്ടികളായ എസ് ഗൗതം എസ് ചന്ദ്ര, താജുദ്ധീൻ, അൻസിയ, എൻ പി റജിനാസ്, കീർത്തന എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.

