സംരംഭങ്ങളുടെ വർധനയ്ക്ക് പിന്തുണ അനിവാര്യം: മന്ത്രി പി പ്രസാദ്

കോഴിക്കോട് ആശയങ്ങൾ നടപ്പാക്കാനുള്ള പിന്തുണയും പിൻബലവും ലഭ്യമാക്കിയാൽ കാർഷികമേഖലയിൽ കൂടുതൽ സംരംഭങ്ങളുണ്ടാവുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ റൈസ് അപ് സംരംഭകമേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. സംരംഭങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചാലേ അംഗീകരിക്കപ്പെടുകയുള്ളൂ. പാക്കിങ് പ്രധാന ഘടകമാണ്. ഇതിനായി സംരംഭകർക്ക് പരിശീലനം നടത്താൻ ഉദ്ദേശിക്കുന്നു.

സംരംഭകരെ പിന്തുണയ്ക്കുന്നതിനാരംഭിച്ച ഡിപിആർ ക്ലിനിക്കിലൂടെ നിരവധി സംരംഭകരെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുഗന്ധവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ആർ ദിനേശ് അധ്യക്ഷനായി. മികച്ച എക്സിബിഷൻ സ്റ്റാൾ, മികച്ച നൂതന ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സമ്മാനത്തുകയും മന്ത്രി കൈമാറി. ഇഞ്ചി ഇനങ്ങളായ ഐഐഎസ്ആർ സുരസ, ഐഐഎസ്ആർ വജ്ര, മഞ്ഞൾ ഇനമായ ഐഐഎസ്ആർ സൂര്യ എന്നിവയുടെ നടീൽ വസ്തു ഉല്പാദനത്തിനുള്ള ലൈസൻസുകളും വ്യക്തികൾക്ക് നൽകി. ഐഐഎസ്ആർ വികസിപ്പിച്ച സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ശർക്കര ഉല്പന്നവും അവതരിപ്പിച്ചു. ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി വിഭാഗം മേധാവി ഡോ. ടി ഇ ഷീജ സ്വാഗതവും സീനിയർ സയന്റിസ്റ്റ് ഡോ. വി കെ സജേഷ് നന്ദിയും പറഞ്ഞു.

