KOYILANDY DIARY.COM

The Perfect News Portal

ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും

കൊച്ചിയിൽ നടന്നുവരുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. വൻകിട പദ്ധതികൾ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന നിക്ഷേപകരുടെ സംഗമത്തിൽ ഉയർന്നു വന്ന വാഗ്ദാനങ്ങളിൽ ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടാകും. ആസ്റ്റർ ഗ്രൂപ്പിൻ്റെ 850 കോടി രൂപയുടെ നിക്ഷേപം അടക്കം ഒട്ടേറെ കരാറുകൾ ഇന്നലെ ഒപ്പുവെച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിക്ഷേപകരുമായി നടത്തിയ വിവിധ തലങ്ങളിലുള്ള കൂടിക്കാഴ്ചകളുടെ തുടർച്ച ഇന്നുണ്ടാകും. വൈകിട്ട് സംഗമം സമാപിക്കും.

കേരളത്തിന്‍റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് വിദേശ മന്ത്രിമാർ അറിയിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് യുഎഇ, ബഹറിൻ മന്ത്രിമാരുടെ പ്രഖ്യാപനം. കേരളം മുന്നോട്ട് വയ്ക്കുന്നത് വലിയ സാധ്യതകളാണെന്നും വിദേശമന്ത്രിമാർ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലാണ് വിദേശ മന്ത്രിമാർ കേരളത്തിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സാമ്പത്തിക പങ്കാളിത്തത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.

 

ഇന്ത്യ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗക് അല്‍ മാരി പറഞ്ഞു. ഭക്ഷ്യ സംസ്കരണം, ടൂറിസം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ബഹിരാകാശം തുടങ്ങിയ സുപ്രധാന മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ യുഎഇ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements

 

ഉച്ചകോടിയില്‍ 22 അംഗ സംഘത്തെയാണ് അല്‍ മാരി നയിക്കുന്നത്. അതേ സമയം ഭക്ഷ്യസുരക്ഷ, ടൂറിസം, ഹോസ്പിറ്റാലിറ്റി, സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളവുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ടെന്ന് ബഹ്റൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്രുവും വ്യക്തമാക്കി. ഇതിനിടെ വ്യവസായി കരൺ അദാനിയും ഉദ്ഘാടന വേദിയിൽ നിർണ്ണായക പ്രഖ്യാപനം നടത്തി. അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുമെന്നും കരൺ അദാനി പറഞ്ഞു.

Share news