കമ്പമലയില്‍ തീയിട്ട സുധീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വയനാട് കമ്പമലയില്‍ തീയിട്ട തൃശ്ശിലേരി സ്വദേശി സുധീഷിനെ ഇന്ന് മാനന്തവാടി കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസം തുടര്‍ച്ചയായി കാട്ടുതീ പടര്‍ന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തിങ്കളാഴ്ച എത്ര ഹെക്ടര്‍ തീ വ്യാപിച്ചു എന്ന് മനസ്സിലാക്കാനായി വനത്തിലെത്തിയ വാച്ചര്‍മാര്‍ക്കാണ് സംശയം തോന്നിയത്. തുടര്‍ന്ന് സുധീഷിനെ വനത്തിനകത്ത് വെച്ച് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

കമ്പമലയില്‍ രണ്ടുതവണയും ഉണ്ടായ കാട്ടുതീ, മനുഷ്യനിര്‍മിതമാണെന്നും സ്വാഭാവിക കാട്ടുതീയല്ലെന്നുമുള്ള സംശയം വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നു. തീ അണച്ച സ്ഥലത്ത് ഇന്ന് വീണ്ടും തീ പടര്‍ന്നതാണ് വനം ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാകാൻ കാരണം. തുടർന്ന് ഈ മേഖലയില്‍ വാച്ചര്‍മാരെ നിയോഗിച്ചിരുന്നു. തീ പടരുമ്പോള്‍ ഒരാള്‍ ഓടി മറയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് അന്വേഷണം നടത്തിയത്.

കത്തിയമര്‍ന്ന വനഭൂമിയുടെ കണക്കെടുക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് 500 മീറ്റര്‍ ഇടവിട്ട് തീ പടര്‍ന്നതായി തിരിച്ചറിഞ്ഞത്. അതിനിടെ വീണ്ടും കാട്ടുതീ പടര്‍ന്നപ്പോള്‍ ആരോ തീയിട്ടു പോകുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. ഇത് സുധീഷ് ആണെന്നും വ്യക്തമാകുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ അയാള്‍ കാട്ടിലേക്ക് ഓടി കയറുകയായിരുന്നു. ആനക്കൂട്ടത്തിന് മുന്നിലെത്തിയിട്ടും ഇയാൾ ഓടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആനക്കൂട്ടത്തെ കണ്ട് പിന്‍വാങ്ങിയ ഉദ്യോഗസ്ഥര്‍, ഇയാള്‍ കാട്ടില്‍ ഇറങ്ങാന്‍ സാധ്യതയുള്ള സ്ഥലത്ത് കാത്തിരുന്ന് പിടികൂടുകയായിരുന്നു. അപ്പോഴും ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ. കമ്പിവെച്ചു വീഴ്ത്തിയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. മല കത്തിക്കുമെന്ന് ഇയാള്‍ ഇടയ്ക്കിടെ വാച്ചര്‍മാരോട് പറയാറുണ്ടായിരുന്നു. ഇയാളെ ഇതിന് പ്രേരിപ്പിച്ച മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള അന്വേഷണം നടത്തും. ഇയാളുടെ പേരില്‍ പൊലീസ് കേസുകളുണ്ട്.

