KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: വായ്പ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടും: മന്ത്രി കെ എന്‍ ബാലഗോപാല്‍

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ വായ്പയില്‍ സമയം കൂട്ടി ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. വായ്പയാണ് നല്‍കിയിട്ടുള്ളത്, ഗ്രാന്‍ഡ് അല്ല. അനുവദിച്ച വായ്പ ചെലവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെയെന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് രണ്ടായിരം കോടിയുടെ പ്രത്യേക പാക്കേജായിരുന്നു. ഇത് പൂര്‍ണമായും നിരാകരിച്ചാണ് 529 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. ഇത് 2025 മാര്‍ച്ച് 31നകം ചെലവഴിക്കണം എന്നതാണ് കേന്ദ്ര നിബന്ധന. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നിബന്ധന അപ്രായോഗികമാണ് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ്  തുക ചിലവഴിക്കാനുള്ള കാലാവധി മാര്‍ച്ച് 31ല്‍ നിന്നും നീട്ടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംസ്ഥാനം തീരുമാനിച്ചത്.

 

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. രേഖാമൂലം ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Advertisements
Share news