KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. ഗുരുവായൂര്‍ ദേവസ്വത്തോടും, വനം വകുപ്പിനോടും കോടതി വിശദീകരണം തേടി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്നും ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ആനയുടെ ഭക്ഷണം, യാത്ര രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

 

 

ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ അന്തിമ റിപ്പോർട്ട് ഇന്ന് വൈകീട്ട് നൽകുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ കീർത്തി വ്യക്തമാക്കി. പ്രാഥമിക റിപോർട്ട് 11 മണിയോടെ സമർപ്പിക്കുമെന്നും നിയമ ലംഘനം ഉണ്ടെങ്കിൽ കർശന നടപടിക്ക് ശുപാർശ ചെയ്യുമെന്നും വ്യക്തമാക്കി. ആനകൾ തമ്മിൽ അകലം ഉണ്ടായിട്ടുണ്ട് എന്ന് പ്രാഥമിക മൊഴി ഉണ്ട്. എങ്കിലും വിശദമായ പരിശോധന നടത്തും. ആശുപത്രിയിൽ എത്തി പരിക്കേറ്റവരിൽ നിന്നും വിവരം ശേഖരിക്കും. രണ്ട് ആനകൾക്കും എഴുന്നള്ളിക്കാൻ അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞു.

Advertisements
Share news